09 July 2008

പാഠ പുസ്തകം: പ്രവാസി എഴുത്തുകാര്‍ പ്രതികരിയ്ക്കുന്നു

പാഠ പുസ്തക സമരം കേരളീയ നവോത്ഥാന മൂല്യങ്ങളെ വെല്ലു വിളിക്കുന്നു എന്ന് പ്രമുഖ പ്രവാസി എഴുത്തുകാര്‍ പ്രതികരിച്ചു. ഡോ. ടി. പി. നാസര്‍, ഡോ. കെ. എം. അബ്ദുല്‍ ‍ഖാദര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഷംസുദ്ദിന്‍ മൂസ, കമറുദ്ദീന്‍ ആമയം, ബെന്യാമിന്‍, കുഴുര്‍ വിത്സന്‍, പ്രേംരാജന്‍, രാംമോഹന്‍ പാലിയത്, അനൂപ് ചന്ദ്രന്‍, ടി. പി. അനില്‍ കുമാര്‍, സനല്‍, നിര്‍മ്മല, കെ. എം. രശ്മി, ടി. പി. വിനോദ്, പ്രമോദ് കെ. എം., കെ. വി. മണികണ്ഠന്‍, സി. വി. സലാം, പി. കെ. മുഹമ്മദ്, ബീരാന്‍‍കുട്ടി, അബ്ദുല്‍ ഗഫുര്‍, സുനില്‍ സലാം, രാജേഷ് വര്‍മ്മ ,സര്‍ജു എന്നീ എഴുത്തുകാര്‍ ദുബായില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്ഥാവനയിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്.




“കാലഹരണപ്പെട്ടതും അവികസിതവുമായ വിദ്യാഭ്യാസ സമ്പ്രദാ‍യത്തിന്റെ ഇരകള്‍ എന്ന നിലയില്‍ വിദേശങ്ങളില്‍ വച്ച് നാം നമ്മെ ത്തന്നെ കാണും. നാട്ടു രാജാക്കന്മാരുടെ ഭരണ പരിഷ്കാരങ്ങള്‍ പഠിച്ച്, ഉപന്യസിച്ച് വ്യാജ സാമൂഹിക പാഠങ്ങളിലൂടെ ലോകത്തെ അഭിമുഖീ കരിക്കാനാവില്ല. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ബോധന രീതികളിലും നിരന്തരം പരിഷ്കരണങ്ങള്‍ നടക്കേണ്ടതുണ്ട്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന അത്തരം ശ്രമങ്ങളെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന മലയളി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പ്രൊഫഷണലുകളും എന്ന നിലയില്‍ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇനിയുമവ കുടുതല്‍ സമകാലീനതയും സമഗ്രതയും കൈവരിക്കേണ്ടതുണ്ടെന്ന ബോധ്യത്തോടെ.




ആധുനിക ജനാധിപത്യ മതേതര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയില്‍ മതേതര ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും സവിശേഷവും വിശാലവുമായ ഒരിടമുണ്ട്. മതത്തിന്റെ ആശയങ്ങളെ അല്ല , മറിച്ച് മതേതര ആശയങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുക എന്നത് സര്‍ക്കാരുകളുടെ ഭര്‍ണ ഘടനാ പരമായ ബാധ്യതയാണ്. അതിനാല്‍ മെത്രാന്മാര്‍ക്കും മൊല്ലാക്കമാര്‍ക്കും അവരുടെ നോമിനികള്‍ക്കും കൂടി വിഭ്യഭ്യാസ കരിക്കുലം തീരുമാനിക്കാനാവില്ല. ഇന്ന് കേരളത്തിലെ പാഠ പുസ്തക സമരത്തില്‍ തെളിയുന്നത് മധ്യകാല മത രാഷ്ട്രീയമാണ്. യുക്തി വാദികളും നിരീശ്വര വാദികളും മിശ്ര വിവാഹിതരേക്കള്‍ എണ്ണത്തില്‍ കുറവായ നമ്മുടെ നാട്ടില്‍ രാഷ്ട്രീയമായി ശക്തി സംഭരിക്കന്‍ യുക്തിവാദം ഒരാശ്രയമല്ല.




പള്ളി പ്രസംഗങ്ങളില്‍ രാഷ്ട്രീയം പറയുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ കര്‍ശന വിലക്ക് നില നില്‍ക്കുമ്പോള്‍ കേരളത്തില്‍ അതിനായ് ആഹ്വാനം മുഴങ്ങുന്നത് അപകടകരവും അപലപനീയവുമാണ്. പള്ളികളെ രാഷ്ട്രീയ സമര വേദിയാക്കാനുള്ള ശ്രമങ്ങളെ മഹല്‍ കമ്മിറ്റികള്‍ തന്നെ ചെറുക്കണമെന്നും, ആത്മീയ വേല വിട്ട് രാഷ്ട്രീയ വേലയില്‍ മുഴുകുന്ന ഇമാമുമാരെ പിരിച്ചു വിടണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. എണ്ണമറ്റ സംഘടനകള്‍ ഉണ്ടാക്കി സമുദായ നേതാവായ് സ്വയം പ്രഖ്യാപിച്ച് വിദേശ മൂലധനം കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന അല്‍പ്പ വിഭവ ശേഷിയുള്ള ഇക്കുട്ടരെ നിരന്തരം വട്ടമേശ സമ്മേളനത്തിനു വിളിക്കുന്ന കേരള സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാ‍ണ്. മത സംഘടനകള്‍ക്കും മത ട്രസ്റ്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന സമ്പ്രദായം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആ‍വശ്യപ്പെടുന്നു”.




Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്