04 July 2008

റിയാലിറ്റി ഷോ: ജഡ്ജിമാര്‍ക്ക് പെരുമാറ്റ ചട്ടം

പതിനാറ് വയസുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനി റിയാലിറ്റി ഷോ ജഡ്ജിയുടെ പരിഹാസം കേട്ട് കുഴഞ്ഞ് വീണ പശ്ചാത്തലത്തില്‍ റിയാലിറ്റി ഷോകള്‍ക്ക് നിയമം മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രി സഭ ഉദ്ദേശിക്കുന്നു. വനിതാ ശിശു വികസന മന്ത്രി രേണുക ചൌധരി ചൊവ്വാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഈ കാര്യം. റിയാലിറ്റി ഷോ ജഡ്ജിമാര്‍ക്ക് പെരുമാറ്റ ചട്ടവും ഇതിനോട് അനുബന്ധിച്ച് നടപ്പിലാക്കും. മത്സരാര്‍ത്ഥികളെ എന്തും പറയാനുള്ള സാഹചര്യം അനുവദിയ്ക്കില്ല. റിയാലിറ്റി ഷോ ജഡ്ജിമാര്‍ ഉപയോഗിയ്ക്കുന്ന മാന്യമല്ലാത്ത ഭാഷ പല കുട്ടികളേയും വേദനിപ്പിയ്ക്കുന്നുണ്ട്. ഇതിനെതിരെ പെരുമാറ്റ ചട്ടം കൊണ്ടു വരും എന്നും മന്ത്രി അറിയിച്ചു.




കൊച്ചു കുട്ടികളെ മാധ്യമങ്ങള്‍ അനുചിതമായി പ്രദര്‍ശിപ്പിയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടികള്‍ സ്വീകരിയ്ക്കും എന്ന് മന്ത്രി പ്രഖ്യാപിച്ചു.




കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിയ്ക്കുവാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ കൈ കൊള്ളും. എന്നാല്‍ ഇത്തരം പരിപാടികള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ അയയ്ക്കുന്നതിന് മുന്‍പ് പരിപാടിയുടെ നിലവാരത്തെ കുറിച്ച് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




ജഡ്ജിമാരുടെ ക്രൂരതയ്ക്ക് ഇരയായി ശരീരം തളര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നില മെച്ചപ്പെട്ട് വരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.




Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്