27 September 2008

സ്വവര്‍ഗ രതി സദാചാര വിരുദ്ധം : ഇന്ത്യാ സര്‍ക്കാര്‍

വികൃതമായ മനസ്സിന്റെ പ്രതിഫലനം ആണ് സ്വവര്‍ഗ രതി എന്നും ഇത് സദാചാര വിരുദ്ധം ആയതിനാല്‍ ഇതിന് നിയമ സാധുത നല്‍കുന്നത് സമൂഹത്തിന്റെ അധ:പതനത്തിന് കാരണം ആവും എന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയോട് പറഞ്ഞു. സ്വവര്‍ഗ രതി ഒരു സാമൂഹിക ദൂഷ്യമാണ്. ഇത് തടയുവാന്‍ സര്‍ക്കാരിന് അധികാരം ഉണ്ട്. ഇതിന് നിയമ സാധുത നല്‍കുന്നത് സമൂഹത്തില്‍ നില നില്‍ക്കുന്ന സമാധാനത്തെ നശിപ്പിയ്ക്കും. ഇത് അനുവദിച്ചാല്‍ എയ് ഡ്സ് പോലുള്ള രോഗങ്ങള്‍ പടരുവാന്‍ ഇടയാവും. ഇത് ഒരു കൊടിയ ആരോഗ്യ പ്രശ്നം സൃഷ്ടിയ്ക്കും. സമൂഹത്തില്‍ സദാചാര മൂല്യച്യുതി സംഭവിയ്ക്കും എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. പി. മല്‍ഹോത്ര കോടതിയെ അറിയിച്ചു.




ഇന്ത്യന്‍ പീനല്‍ കോഡിലെ 377ആം സെക്ഷന്‍ ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെട്ട് 13 സംഘടനകള്‍ ചേര്‍ന്ന് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഈ സെക്ഷന്‍ പ്രകാരം സ്വ്വര്‍ഗ രതി ഒരു ക്രിമിനല്‍ കുറ്റമാണ്. സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിലവിലെ നിയമപ്രകാരം ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിയ്ക്കാവുന്നതാണ്.




സര്‍ക്കാറിന്റെ ഈ അറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടിന് കടക വിരുദ്ധമാണ്. സ്വവര്‍ഗ രതി നിയമ വിരുദ്ധമാക്കിയാല്‍ എച്. ഐ. വി. ബാധിതര്‍ ഒളിഞ്ഞിരിയ്ക്കാന്‍ ഉള്ള സാധ്യത ഏറെയാണ്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ അനിയന്ത്രിതമാക്കും എന്നാണ് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഉള്ള ദേശീയ എയ് ഡ്സ് നിയന്ത്രണ സംഘടന കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിയ്ക്കുന്നത്.




സ്വവര്‍ഗ രതിയ്ക്ക് എതിരെ നില കൊള്ളുന്ന ആഭ്യന്തര വകുപ്പിന്റെയും അനുകൂല നിലപാടുള്ള ആരോഗ്യ വകുപ്പിന്റേയും അഭിപ്രായങ്ങളില്‍ സമന്വയം കൊണ്ടു വരുന്നതിനായി കൂടുതല്‍ സമയം അനുവദിയ്ക്കണം എന്ന് കേന്ദ്രം നേരത്തേ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.




സ്വവര്‍ഗ രതിക്കാരുടെ വ്യക്തിത്വ പ്രശ്നങ്ങളും ന്യൂനപക്ഷ അവകാശങ്ങളും മറ്റും ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിയ്ക്കുന്ന ഇന്ന് ഒരു ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ തികച്ചും മതാതിഷ്ഠിത സദാചാര സങ്കല്‍പ്പങ്ങളില്‍ ഊന്നിയ ഇത്തരം ഒരു നിലപാട് എടുത്തത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ് എന്ന് വിവിധ അവകാശ സംരക്ഷണ സംഘടനകള്‍ അഭിപ്രായപ്പെട്ടു.




Labels: , , ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

സ്വവർഗ്ഗ പ്രണയം ഒരു സാമൂഹിക യാദാർഥ്യം ആണ് എന്നത് വിസ്മരിച്ചുകൂടാ. എയ്ഡ്സ് വർദ്ധിപ്പിക്കും എന്ന് കാരണം പറയുന്നത് തികച്ചും ബാലിശമാണ്.സാധാരണ രീതിയിൽ ഉള്ള ലൈംഗീക ബന്ധത്തിലൂടെയും, രോഗബാധിതനായ ആൾ ഉപയോഗിച്ച സിറിഞ്ചിന്റേയും മറ്റും പുനർ ഉപയോഗവും എയ്ഡ്സ് പകരുവാൻ കാരണമാണെന്ന് പറഞ്ഞ് അതു നിരോധിക്കണം എന്ന് ആവശ്യപ്പെടുവാൻ കഴിയുമോ?

സ്വകാര്യമായി ഇത്തരം ലൈംഗീകപ്രവർത്തനം നടക്കുന്നുണ്ട് ..ഹോസ്റ്റലുകളിലും മറ്റും ഇതു വളരെ കൂടുതലണെന്നും കേൾക്കുന്നു.എന്തിനു അനുപമേരിയെന്ന കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ടുപോലും ഇത്തരം ഒരു വിഷയം ഉയർന്നുവരികയൂണ്ടായല്ലോ?

ഇതിനെ കുറിച്ച് ഗൌരവമുള്ള ചർച്ചകൾ വർഷങ്ങൾക്കു മുപെ വിദേശങ്ങളിൽ നടന്നുവരുന്നു.എന്നാൽ ഇന്ത്യയിൽ സാംസ്കാരികക് മുഖമ്മൂടിയുള്ളതിനാൽ വേണ്ടത്ര പുറത്തുവരുന്നില്ല.

September 28, 2008 at 12:25 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്