02 October 2008

ത്രിപുരയില്‍ മരണം നാലായി

ത്രിപുരയിലെ അഗര്‍ത്തലയില്‍ നടന്ന സ്ഫോടന പരമ്പരയെ പ്രധാനമന്ത്രി അപലപിച്ചു. ഇതേ പറ്റി ഇന്ന് രാവിലെ പ്രധാനമന്ത്രി ത്രിപുര മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയുണ്ടായി. ചര്‍ച്ചയില്‍ ഇന്നലെ നടന്ന സംഭവങ്ങളെ പറ്റി മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.




നിരപരാധികളുടെ മേലുള്ള ഈ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. സംഭവത്തില്‍ തനിയ്ക്കുള്ള ദു:ഖം മന്മോഹന്‍ സിങ് പ്രകടിപ്പിച്ചു എന്നും ഒരു ഔദ്യോഗിക വക്താവ് അറിയിച്ചു.




അഗര്‍ത്തലയിലെ ആള്‍ തിരക്കേറിയ മാര്‍ക്കറ്റുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി ഇന്നലെ വൈകീട്ട് അഞ്ച് സ്ഫോടനങ്ങള്‍ ആണ് നടന്നത്. അഞ്ചു മിനിറ്റിനിടയില്‍ ആയിരുന്നു ഈ സ്ഫോടനങ്ങള്‍ അത്രയും നടന്നത്.




സംസ്ഥാനത്ത് നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ തീവ്രവാദ ആക്രമണം ആണ് ഇത്. ഹുജി ഭീകരര്‍ ആണ് ആക്രമണത്തിന് പുറകില്‍ എന്നാണ് പോലീസ് സംശയിയ്ക്കുന്നത്. ഒരു ബോംബ് പൊട്ടുന്നതിന് മുന്‍പ് പോലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കി. മറ്റൊരു ബോംബ് പൊട്ടുന്നതിന്‍ മുന്‍പ് പോലീസ് സംഘം സ്ഥലത്തെത്തി ജനത്തെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഉണ്ടായില്ല.




നാലു മരണമാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നൂറോളം പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്