29 March 2009

ജി-20 ഉച്ചകോടി - വന്‍ പ്രതിഷേധം

തൊഴില്‍, നീതി, പരിസ്ഥിതി എന്നീ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്ത് വേണം തീരുമാനങ്ങള്‍ കൈ കൊള്ളാന്‍ എന്ന വ്യക്തമായ സന്ദേശവുമായി പതിനായിര ക്കണക്കിന് പ്രതിഷേധക്കാര്‍ ജി-20 ഉച്ചകോടിക്ക് മുന്നോടിയായി ഉച്ചകോടി നടക്കുവാന്‍ പോകുന്ന ലണ്ടന്‍ നഗരത്തില്‍ മാര്‍ച്ച് നടത്തി. സാമ്പത്തിക മാന്ദ്യത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിഷേധ പ്രകടനം ആയിരുന്നു ലണ്ടന്‍ തെരുവുകളില്‍ അരങ്ങേറിയത്.




“ആദ്യം മനുഷ്യര്‍” എന്ന് പേരിട്ട പ്രതിഷേധ മാര്‍ച്ച് മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുത്തു വേണം സാമ്പത്തിക മാന്ദ്യം നേരിടുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കുവാന്‍ എന്ന് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ലോക നേതാക്കള്‍ക്ക് നേരിട്ടു തന്നെ സന്ദേശം എത്തിച്ചു. 150ഒ‍ാളം തൊഴിലാളി യൂണിയനുകളും മത സാമൂഹ്യ സേവന സംഘടനാ പ്രവര്‍ത്തകരും അണി നിരന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി ആളുകള്‍ പങ്കെടുക്കുകയുണ്ടായി. പോലീസിന്റെ കണക്കു പ്രകാരം 35000 പേരാണ് ഈ മാര്‍ച്ചില്‍ പങ്കെടുത്തത്.




മത്സരാധിഷ്ഠിത സ്വതന്ത്ര വിപണി എന്ന ആശയം ഇനിയും നടപ്പില്ല എന്ന് തെളിഞ്ഞിരിക്കുന്നു എന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ഒരു പ്രമുഖ തൊഴിലാളി യൂണിയന്‍ നേതാവ് പറഞ്ഞു. ലോകം ഇന്ന് നേരിടുന്ന സാമ്പത്തിക തകര്‍ച്ചയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഇനിയും സാധിക്കാത്തതും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും ഇത്തരം ഒരു മത്സരോന്മുഖ വിപണിയുടെ പരിണിത ഫലമാണ്. മാനുഷിക പരിഗണനകള്‍ ലോക രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമാക്കണം. അത്തരം ഒരു വ്യവസ്ഥക്കു മാത്രമേ ഇനി നില്‍നില്‍പ്പുള്ളൂ എന്നും പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്