27 March 2009

താലിബാന്‍ നിഷ്ഠൂരമായി ശരിയത്ത് നടപ്പിലാക്കുന്നു

താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പാക്കിസ്ഥാനും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സൈന്യം ഒഴിഞ്ഞു പോയതോടെ താലിബാന്റെ അഴിഞ്ഞാട്ടം ശക്തമായതായി അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ നിലവില്‍ ഉണ്ടായിരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. താലിബാന്‍ നിയോഗിച്ച തല മൂടിയ പ്രത്യേക ശരിയത്ത് പോലീസ് സ്വാത് താഴ്വരയാകെ അടക്കി ഭരിച്ച് ഇസ്ലാമിക നിയമത്തിന്റെ താലിബാന്‍ പതിപ്പ് നടപ്പിലാക്കി വരികയാണ്.




പതിമൂന്ന് വയസിനു മേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുത് എന്നാണ് താലിബാന്റെ ശാസന. താഴ്വരയിലെ കാസറ്റ് കടകളും മറ്റും താലിബാന്‍ അടച്ചു പൂട്ടി കഴിഞ്ഞു. സംഗീതത്തിന് ഇവിടെ തീര്‍ത്തും നിരോധനം ആണ്. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.




നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ്. പൊതു സ്ഥലത്ത് വലിയോരു ജനക്കൂട്ടം വിളിച്ചു വരുത്തി ഇവരെ കുനിച്ചു നിര്‍ത്തി ചാട്ടവാര്‍ കൊണ്ട് അടിക്കും. അടി കൊണ്ട് പുളയുന്ന ഇവര്‍ ഉച്ചത്തില്‍ ദൈവ നാമം വിളിച്ച് കരയണം. ഇതാണ് ഇവിടെ ഏറ്റവും ജന പ്രിയമായ ശിക്ഷാ വിധി.




പാക്കിസ്ഥാന്‍ സര്‍ക്കാര്‍ താലിബാനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് താഴ്വരയിലെ നിയമ പാലനം താലിബാന് തങ്ങളുടെ ഇഷ്ട പ്രകാരം നടത്താം.




തങ്ങളുടെ കാര്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടേണ്ട എന്ന് താലിബാന്റെ ഒരു സമുന്നത നേതാവായ മുസ്ലിം ഖാന്‍ പ്രസ്താവിച്ചു. താലിബാനെ തോല്‍പ്പിക്കാന്‍ ആയുധങ്ങള്‍ക്കും മറ്റും പണം വിനിയോഗിക്കുന്നത് നിര്‍ത്തി നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കു വേണ്ടി പണം ചിലവാക്കുക എന്നാണ് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഇയാള്‍ പാശ്ചാത്യ രാജ്യങ്ങളോടുള്ള പ്രസ്താവനയില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഒരിക്കലും അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാന്‍ ആവില്ല. അത് കൊണ്ട് ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ട് നിങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും വിട്ടു നില്‍ക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്