10 July 2009

ഈണം - സ്വതന്ത്ര മലയാള സംഗീത സംരംഭം

eenam-logoമലയാളം ബ്ലോഗര്‍മാരും മലയാള ഗാന ശേഖരം എന്ന വെബ് സൈറ്റും കൈ കോര്‍ക്കുന്ന മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത സംരംഭത്തിന്റെ ആദ്യ ആല്‍ബമായ ‘ഈണം’ പുറത്തിറങ്ങി. ആസ്വാദ്യകരമായ ഗാനങ്ങള്‍ സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് രംഗത്തിറങ്ങിയ സംഗീത പ്രേമികളുടെ ഈ സംഗമം, ആര്‍ദ്രമായ ഗാനങ്ങളെ എന്നും ഗൃഹാതുരത്വത്തോടെ മനസ്സില്‍ സൂക്ഷിക്കുന്ന സ്വദേശ - വിദേശ മലയാളികളുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.
 
പൈറസിയുടെ യാതൊരു നൂലാമാലകളും കൂടാതെ ആര്‍ക്കും സ്വതന്ത്രമായി ഈണം വെബ് സൈറ്റില്‍ നിന്നും ഗാനങ്ങള്‍ ഡൌണ്‍ലോഡു ചെയ്ത് ആസ്വദിക്കാം.
 
ബ്ലോഗിലെ സംഗീത പ്രേമികളുടെ മനസ്സില്‍ ദീര്‍ഘ കാലമായി നില നിന്നിരുന്ന, മലയാളത്തിനു മാത്രമായി ഒരു സ്വതന്ത്ര സംഗീത സംരംഭം വേണമെന്ന ചിന്തയില്‍ നിന്നുമാണ് “ഈണ”ത്തിന്റെ പിറവി. കഴിവുള്ള ധാരാളം കലാകാരന്മാര്‍ക്ക് അവസരം ലഭിക്കാതെ പോകുന്നുണ്ട് എന്ന തിരിച്ചറിവും സാങ്കേതിക വിദ്യയുടെ പിന്‍ബലത്താല്‍ എന്തും സാദ്ധ്യമാകും എന്ന ആത്മ വിശ്വാസവുമാണ് ഒരു തരത്തില്‍ ഇത്തരം ഒരാശയത്തിലേക്ക് ഇതിന്റെ അണിയറ പ്രവര്‍ത്തകരെ എത്തിച്ചത്.
 

eenam-team

ഈണത്തിന്റെ അണിയറ ശില്‍പ്പികള്‍

 
ലോകത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്ന, പരസ്പരം നേരില്‍ കണ്ടിട്ടില്ലാത്ത ഒരു പറ്റം സംഗീത പ്രേമികളായ ബ്ലോഗര്‍മാരുടെ കൂട്ടായ്മയാണ് ഈ സംരംഭത്തിനു പിന്നില്‍. ബഹുവ്രീഹി എന്ന ബ്ലോഗറുടെ സംഗീത സംവിധാന പരീക്ഷണങ്ങളായിരുന്നു ഈണത്തിന്റെ ആദ്യ തീപ്പൊരി. ബഹുവും കിരണും പ്രതിഭാധനനായ ഗായകന്‍ രാജേഷും ഒരുമിച്ചു ചേര്‍ന്നതോടെ അതൊരു കൂട്ടായ സംരംഭമാക്കാന്‍ തീരുമാനമായി. ഭക്തി ഗാന പബ്ലിഷിംഗ് രംഗത്ത് പ്രൊഫഷണല്‍ പരിചയമുള്ള നിശീകാന്ത് (ബൂലോഗ നാമധേയം ചെറിയനാടന്‍) ബൂലോഗത്ത് എത്തിയതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമായി. നിരന്തരമായ ചര്‍ച്ചകളിലൂടെ വ്യക്തമായ ലക്ഷ്യം രൂപപ്പെടുത്തുകയും 2009 ജൂണ്‍ മാസത്തില്‍ ഈണത്തിന്റെ ആദ്യ ഗാന സമാഹാരം പുറത്തിറക്കണം എന്ന്‍ തീരുമാനിക്കുകയും ഉണ്ടായി. ആദ്യ സമാഹാരത്തില്‍ ഒന്‍പതു ഗാനങ്ങള്‍ ഉണ്ടാവണമെന്നും അവ ഒന്‍പതു വ്യത്യസ്ത തീമുകളെ ആസ്പദമായി ആയിരിക്കണമെന്നും തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബൂലോഗത്തിലെ അറിയപ്പെടുന്ന ഗായകരേയും ഗാന, കവിതാ രചയിതാക്കളേയും മറ്റും ഇതിനായി ബന്ധപ്പെട്ടു. ‘സകല കലാ വല്ലഭന്‍‘ എന്ന പേരിനു സര്‍വ്വഥാ യോഗ്യനായ എതിരന്‍ കതിരവന്‍ എന്ന ബ്ലോഗര്‍ ആയിരുന്നു പലപ്പോഴും ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നത്.
 
ഒന്നല്ല, അനേകം വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങ ളോടെയാണ് “ഈണം” മുന്നിട്ടിറങ്ങുന്നത്. കഴിവുള്ള ഗായകര്‍ക്ക്, തങ്ങളുടെ ശബ്ദം പുറം ലോകത്തേക്ക് എത്തിക്കുന്ന ഒരു സഹായിയായി, സ്വന്തം രചനകള്‍ പുസ്തക താളുകളില്‍ അല്ലെങ്കില്‍ ബ്ലോഗിലെ പോസ്റ്റുകളില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടി വരുന്ന പ്രതിഭാ ധനരായ എഴുത്തുകാര്‍ക്ക് ഒരു വേദിയായി, അക്ഷര ക്കൂട്ടങ്ങള്‍ക്ക് സംഗീതം നല്‍കി അനുപമ ഗാനങ്ങളായി രൂപപ്പെടുത്താന്‍ കഴിയുന്ന പ്രതിഭാ ധനരായ യുവ സംഗീത സംവിധായ കര്‍ക്കൊരു സങ്കേതമായി “ഈണം” എന്നും ഉണ്ടാകും എന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു.
 
കവി ഭാവനയിലൂടെ മാത്രം നാം കണ്ടറിഞ്ഞ ‘ഏക ലോക’ മെന്ന ദര്‍ശനത്തെ യാഥാര്‍ത്ഥ്യമാക്കി, ഭൂലോകത്തിന്റെ ഏതു കോണിലുമുള്ള മനസ്സുകളേയും വിരല്‍ തുമ്പിലൂടെ തൊട്ടറിയാന്‍ പര്യാപ്തമാക്കിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍, പരസ്പരം കാണാതെ ലോകത്തിന്റെ പല ഭാഗത്തിരുന്ന് മെനഞ്ഞെടു ത്തവയാണീ ഗാനങ്ങളെല്ലാം തന്നെ. ആയതിനാല്‍, കുറ്റങ്ങളും കുറവുകളും സ്വാഭാവികം. ആ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വരും കാല സംരംഭങ്ങള്‍ക്ക് “ഈണ”ത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഏവരും മുന്നിട്ടു വരണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.
 
ഇന്റെര്‍നെറ്റ് മലയാളത്തിന്റെ പുരോഗതിയ്ക്ക് നിദാനമായ എല്ലാ സ്വതന്ത്ര സംരംഭങ്ങള്‍ക്കും അതിന്റെ പ്രതിഭാധനരായ ശില്‍പ്പികള്‍ക്കും “ഈണ”ത്തിന്റെ ഈ ആദ്യ ഗാനോപഹാരം ഇതിന്റെ ശില്‍പ്പികള്‍ സമര്‍പ്പണം ചെയ്തിരിക്കുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്